പേരൂര്‍ക്കട: വാഹനക്കുരുക്ക് നീക്കാന്‍ പോലീസ് കൃത്യസമയത്ത് ഇടപെടാത്തതിനാല്‍ രോഗിയുമായിവന്ന ആംബുലന്‍സ് കുരുങ്ങിക്കിടന്ന് 10 മിനിറ്റോളം. ശാസ്തമംഗലത്തെ സ്വകാര്യാശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് വെള്ളയമ്പലം സ്ക്വയറിന് 150 മീറ്റര്‍ മുന്നേ വാഹനക്കുരുക്കില്പ്പെട്ടത്.
ഇന്നലെ വൈകുന്നേരം 5 .45നാണ് രോഗിയെയും വഹിച്ച് ആംബുലന്‍സ് മെഡിക്കല്‍കോളജിലേക്ക് വന്നത്. എന്നാല്‍ വാഹനക്കുരുക്കുമൂലം ആംബുലന്‍സിന് മുന്നോട്ടു പോകാനായില്ല. അവിടവിടെ ഡിവൈഡറുകള്‍ മുറിച്ചിട്ടിട്ടുണ്ടെങ്കിലും അതൊക്കെ പിന്നിട്ടു കഴിഞ്ഞതിനാല്‍ സമീപത്തെ ഒണ്‍വേ റോഡിലൂടെ ആംബുലന്‍സിന് കയറിപോകാനും സാധിച്ചില്ല. സൈറണും ഹോണും നിരന്തരം മുഴക്കിയിട്ടും വെള്ളയമ്പലം സിഗ്നല്പോയിന്റില് കിടന്ന വാഹനങ്ങള്‍ മുന്നോട്ടെടുക്കാന്‍ തയാറായില്ല.
ട്രാഫിക് സിഗ്നല്‍ലൈറ്റ് ചുവപ്പ് കത്തി കിടന്നതാണ് ഇതിനു കാരണം. വെള്ളയമ്പലത്തെ സിഗ്നല്പോയിന്റ് ഇടയ്ക്ക് പച്ച കത്തിയശേഷം വീണ്ടും സെക്കന്റുകള്‍ക്കുള്ളില്‍ ചുവപ്പ് കത്തുന്നതു കാരണം ശാസ്തമംഗലം ഭാഗത്തുനിന്ന് വഴുതക്കാട്, മ്യൂസിയം ഭാഗത്തേക്കു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ട്രാഫിക് ഐലന്‍ഡിനു സമീപത്ത് പോലീസ് ഡ്യൂട്ടിക്കുണ്ടായിരുന്നിട്ടും സിഗ്നല്പോയിന്റില്നിന്ന് വാഹനങ്ങളെ നീക്കി ആംബുലന്‍സിന് വഴിയൊരുക്കാന്‍ ഇവര്‍ ശ്രമിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. ഒടുവില്‍ കുരുക്കില്ക്കിടന്ന വാഹനങ്ങള്‍ ഒന്നോടെ ഹോണ്‍ മുഴക്കിയപ്പോഴാണ് മറ്റുള്ള വാഹനങ്ങള്‍ മുന്നോട്ടുപോകാന്‍ തയ്യാറായത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടു വരുന്ന ആംബുലന്‍സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഒരുക്കുന്നതിന് വെള്ളയമ്പലത്തെ ട്രാഫിക് സംവിധാനം പരിഷ്കരിക്കുകയും കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.